ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി കൺസർവേറ്റീവ് പാർട്ടിക്കുള്ള ജനപിന്തുണ ലിബറലുകളെക്കാൾ ഉയർന്നതായി പുതിയ സർവേ റിപ്പോർട്ട്. അബാക്കസ് സർവേ പ്രകാരം ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാൽ 41% പേർ പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് കണ്ടെത്തി. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു പോയിൻ്റ് കൂടുതലാണ്. അതേസമയം പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ നാല് പോയിൻ്റ് കുറഞ്ഞ് 39 ശതമാനമായി. അതേസമയം കഴിഞ്ഞ ആഴ്ച ആൽബർട്ട ഉപതിരഞ്ഞെടുപ്പിലെ പിയേർ പൊളിയേവിന്‍റെ വിജയത്തിന് ശേഷവും മാർക്ക് കാർണിക്കുള്ള ജനപിന്തുണ വർധിച്ചതായി സർവേ കണ്ടെത്തി. അവസാന സർവേയെ അപേക്ഷിച്ച് കാർണിയുടെ ജനപിന്തുണ 18 പോയിൻ്റ് വർധിച്ചു.

ജനങ്ങളുടെ ഈ മാറ്റം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്‍റെ താരിഫ് ഭീഷണിയെയും പ്രധാന ആശങ്കയായി കാണുന്നില്ല എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി അബാക്കസ് സിഇഒ ഡേവിഡ് കൊളെറ്റോ പറയുന്നു. ജീവിതച്ചെലവ് വർധനയാണ് കാനഡക്കാരിൽ 60% പേരും പ്രധാന ആശങ്കയായി കാണുന്നതെന്ന് സർവേയിൽ കണ്ടെത്തി. മൂന്നിലൊന്നിലധികം കനേഡിയൻ പൗരന്മാരിൽ (38 ശതമാനം) ട്രംപിന്‍റെ താരിഫ് ഭീഷണി ഒരു പ്രധാന ആശങ്കയായി തുടരുമ്പോൾ, സമ്പദ്‌വ്യവസ്ഥ (36 ശതമാനം), ഭവന ചെലവ് (35 ശതമാനം), ആരോഗ്യ സംരക്ഷണം (33 ശതമാനം) എന്നിവയാണ് പ്രധാന പ്രശ്നമായി സർവേയിൽ പങ്കെടുത്തവർ പങ്കുവെക്കുന്നത്.