ഹാലിഫാക്സ് : കാട്ടുതീ രൂക്ഷമായതോടെ നോവസ്കോഷ അന്നാപോളിസ് വാലിയിൽ നിന്നും കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നു. ലോങ്ങ് ലേക്ക് കാട്ടുതീ സമീപത്ത് ആളിക്കത്തിയതിനാൽ വെസ്റ്റ് ഡൽഹൗസി പ്രദേശത്തെ ഹൈവേ 10-ന്‍റെ ഒരു ഭാഗത്ത് താമസിക്കുന്ന ആളുകളോട് ഞായറാഴ്ച രാത്രി വീടുകൾ വിട്ടുപോകാൻ പ്രവിശ്യാ അടിയന്തര മാനേജ്മെൻ്റ് വകുപ്പ് ആവശ്യപ്പെട്ടു.

മോഴ്സ്-തോൺ റോഡുകളുടെ ചില ഭാഗങ്ങളിൽ താമസിക്കുന്നവരോട് പലായനം ചെയ്യാൻ ഞായറാഴ്ച പകൽ നിർദ്ദേശം നൽകിയിരുന്നു. ഞായറാഴ്ച ഏകദേശം 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കാട്ടുതീ പടർന്നതായി അധികൃതർ അറിയിച്ചു. കൂടാതെ കാട്ടുതീ പുക കാരണം അന്നാപൊളിസ് കൗണ്ടിയിൽ വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോവസ്കോഷയിൽ നിലവിൽ മൂന്ന് കാട്ടുതീകൾ കത്തുന്നുണ്ട്. ഇതിൽ ലോങ്ങ് ലേക്ക് കാട്ടുതീ മാത്രമാണ് നിയന്ത്രണാതീതമായി കത്തുന്നത്.