വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ഫ്രേസർ കാന്യണിൽ നിയന്ത്രണാതീതമായി കാട്ടുതീ പടർന്നതിനെ തുടർന്ന് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. യേലിന് ഏകദേശം ഏഴ് കിലോമീറ്റർ അകലെ ശനിയാഴ്ചയാണ് സെയിലർ ബാറിൽ തീ പടർന്നത്. ഞായറാഴ്ച ഉച്ചയോടെ കാട്ടുതീ ഏകദേശം 120 ഹെക്ടറായി വളർന്നതായി ബിസി വൈൽഡ് ഫയർ സർവീസ് അറിയിച്ചു. കുത്തനെയുള്ളതും എത്തിച്ചേരാൻ പ്രയാസകരവുമായ ഭൂപ്രദേശത്താണ് തീ പടരുന്നത് എന്നതിനാൽ ഈ പ്രദേശത്ത് കാട്ടുതീ നിയന്ത്രണം വെല്ലുവിളികൾ ഉയർത്തുന്നു, ഏജൻസി പറഞ്ഞു. അതേസമയം മറ്റ് അടിസ്ഥാന സൗകര്യങ്ങൾകൊന്നും കാട്ടുതീ നിലവിൽ ഭീഷണി ഉയർത്തുന്നില്ലെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

കാട്ടുതീ പടർന്നതോടെ പ്രദേശത്തുടനീളമുള്ള സിഎൻ റെയിൽ ട്രാക്കുകൾ അടച്ചിട്ടുണ്ട്. കൂടാതെ യേലിനും സ്പുസ്സത്തിനും ഇടയിലുള്ള പ്രദേശത്ത് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതായി ഫ്രേസർ വാലി റീജനൽ ഡിസ്ട്രിക്റ്റ് അറിയിച്ചു. ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയും നീണ്ടുനിൽക്കുന്ന ഉഷ്ണതരംഗവും പ്രവിശ്യയുടെ പല ഭാഗങ്ങളിലും കാട്ടുതീ പടരുന്നതിന് കാരണമായിട്ടുണ്ടെന്ന് ബിസി വൈൽഡ് ഫയർ സർവീസ് പറയുന്നു.