ഓട്ടവ : രാജ്യാന്തര വിദ്യാർത്ഥികൾ, അഭയാർത്ഥികൾ, വിദേശ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടുന്ന താൽക്കാലിക താമസക്കാരുടെ കാനഡയിലേക്കുള്ള വരവിൽ വലിയ ഇടിവ് ഉണ്ടായതായി പുതിയ റിപ്പോർട്ട്. താൽക്കാലിക താമസക്കാരുടെ വരവ് തടയുന്നതിന് കാനഡ സ്വീകരിച്ച നടപടികൾ ഈ ഇടിവിന് കാരണമായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2025-ൽ പുതിയ സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ 70% കുറവും പുതിയ തൊഴിലാളികളുടെ എണ്ണത്തിൽ 50% കുറവും ഉണ്ടായതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ, കാനഡ സ്വാഗതം ചെയ്ത പുതിയ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ 214,520-ന്‍റെ കുറവുണ്ടായതായി ഐആർസിസി അറിയിച്ചു. 88,617 രാജ്യാന്തര വിദ്യാർത്ഥികളുടെയും 125,903 വിദേശ തൊഴിലാളികളുടെയും കുറവാണ് രേഖപ്പെടുത്തിയത്. കാനഡ ആദ്യമായി സ്റ്റഡി പെർമിറ്റ് നിയന്ത്രണം നടപ്പിലാക്കിയ 2024 ജനുവരി മുതൽ 2025 ജൂൺ വരെ, സ്റ്റഡി പെർമിറ്റുള്ള വിദേശ പൗരന്മാരുടെ എണ്ണം 133,325 ആയി കുറഞ്ഞു. എന്നാൽ, ഇതേ കാലയളവിൽ, വർക്ക് പെർമിറ്റ് മാത്രം കൈവശം വച്ചിരുന്ന വിദേശ പൗരന്മാരുടെ എണ്ണത്തിൽ 262,262 പേരുടെ വർധന ഉണ്ടായിട്ടുണ്ട്. അതേസമയം ഇതേ കാലയളവിൽ കാനഡയിൽ വർക്ക് പെർമിറ്റും സ്റ്റഡി പെർമിറ്റും കൈവശം വച്ചിരിക്കുന്ന വിദേശ പൗരന്മാരുടെ എണ്ണത്തിൽ നേരിയ കുറവ് മാത്രമേ ഐആർസിസി രേഖപ്പെടുത്തിയിട്ടുള്ളൂ.