വിനിപെഗ് : മാനിറ്റോബ സ്പ്രൂസ് വുഡ്സ് ഉപതിരഞ്ഞെടുപ്പിൽ വോട്ടിങ് പുരോഗമിക്കുന്നതായി ഇലക്ഷൻസ് മാനിറ്റോബ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ നടന്ന ഫെഡറൽ പൊതുതെരഞ്ഞെടുപ്പിൽ ഫെഡറൽ കൺസർവേറ്റീവുകൾക്ക് വേണ്ടി മത്സരിക്കുന്നതിനായി ഗ്രാൻ്റ് ജാക്സൺ രാജിവെച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം നിയമസഭയിലെ എൻഡിപിയുടെ ഭൂരിപക്ഷത്തെ തിരഞ്ഞെടുപ്പ് ഫലം ബാധിക്കില്ല. കാരണം മൊത്തമുള്ള 57 സീറ്റുകളിൽ 34 എണ്ണം എൻഡിപിക്ക് സ്വന്തമാണ്. ടോറികൾക്ക് 20 സീറ്റുകളും ലിബറൽ പാർട്ടിക്ക് ഒരു സീറ്റും ഒരു സ്വതന്ത്രനും അടങ്ങുന്നതാണ് നിയമസഭ.

2011 ൽ രൂപീകൃതമായ, പടിഞ്ഞാറൻ മാനിറ്റോബയിലെ ഈ റൈഡിങ് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ ശക്തികേന്ദ്രമാണ്. 2023-ൽ ടോറികൾ അവിടെ 60 ശതമാനത്തിലധികം വോട്ടുകൾ നേടിയിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തുള്ള ടോറികളുടെ വോട്ടിങ് ശതമാനം ഒരിക്കലും 60 ശതമാനത്തിൽ താഴെ പോയിട്ടില്ലാത്ത ഈ റൈഡിങ്ങിൽ ഭരണകക്ഷിയായ ന്യൂ ഡെമോക്രാറ്റുകൾ പ്രവിശ്യാതല അഭിപ്രായ വോട്ടെടുപ്പുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഭരണകക്ഷിയായ എൻഡിപിക്ക് വേണ്ടി കാബിനറ്റ് മന്ത്രി ഗ്ലെൻ സിമാർഡിന്‍റെ എക്സിക്യൂട്ടീവ് അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന റേ ബെർത്തലെറ്റ് മത്സരിക്കുമ്പോൾ ദീർഘകാല പാർട്ടി പ്രവർത്തകനായ കോളിൻ റോബിൻസിനെ ഉപതിരഞ്ഞെടുപ്പ് മത്സരത്തിനായി ടോറികൾ തിരഞ്ഞെടുത്തു. അധ്യാപകനായ സ്റ്റീഫൻ റീഡ് ലിബറൽ ബാനറിൽ മത്സരിക്കുന്നു.