ടൊറൻ്റോ : ഹാമിൽട്ടണിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് കൗമാരക്കാരെയും ഒരു മുതിർന്ന വ്യക്തിയെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നഗരത്തിലെ ഫ്ലാംബറോ മേഖലയിലെ വാലൻസ് റോഡിനും കൺസെഷൻ 5 വെസ്റ്റിനും സമീപം കിയ വാനും വോൾവോ വാഹനവും കൂട്ടിയിടിച്ചാണ് അപകടം.

കിയ വാനിലെ ഡ്രൈവറും അഞ്ച് കൗമാരക്കാരും ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റു. ഇവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരു യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുൻകരുതൽ എന്ന നിലയിൽ വോൾവോയിലെ ഡ്രൈവറെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അമിതവേഗവും ട്രാഫിക്ക് നിയമം പാലിക്കാത്തതുമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. അന്വേഷണം പുരോഗമിക്കുന്നു.