ഓട്ടവ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് പിസ്ത അടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). ഈ മാസം ആദ്യം കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) ആരംഭിച്ച അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചുവിളിക്കൽ ആരംഭിച്ചത്. 2025 മാർച്ചിനും ഓഗസ്റ്റ് ആദ്യവാരത്തിനും ഇടയിൽ ഡസൻ കണക്കിന് ആളുകൾ രോഗബാധിതരായതിനെത്തുടർന്ന്, വിവിധ ബ്രാൻഡുകളുടെ പിസ്ത, പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങൾ പരിശോധിച്ചുവരികയാണെന്ന് PHAC അറിയിച്ചു. ഈ മാസം ആദ്യം പിസ്ത അടങ്ങിയ ഹബീബി, അൽ മൊക്താർ ഫുഡ് സെന്‍റർ, ദുബായ്, ആൻഡാലോസ്, ചോക്ലേറ്റ്സ് ഫേവറിസ്, ചോക്ഫോളി, ചോക്ലാറ്റോ, വിൻസെൻ്റ് സെലക്ഷൻ എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിരുന്നു. അവ ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, കെബെക്ക്, ന്യൂബ്രൺസ്വിക് എന്നിവിടങ്ങളിൽ വിതരണം ചെയ്തു. ഓട്ടവയിൽ വിറ്റ പിസ്ത ചോക്കോ, ലാ ബ്രിയോച്ചെ എന്നീ ബ്രാൻഡിന്‍റെ 27 ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതായി ഏജൻസി അറിയിച്ചു.

രാജ്യത്തുടനീളം സാൽമൊണെല്ല ബാക്ടീരിയ അടങ്ങിയ ഈ ഉൽപ്പന്നങ്ങൾ കഴിച്ചതിനെ തുടർന്ന് 62 പേർ രോഗബാധിതരായിട്ടുണ്ട്. ഇവരിൽ കുറഞ്ഞത് 10 പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രോഗബാധിതരുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. പനി, തലവേദന, ഛർദ്ദി, ഓക്കാനം, മലബന്ധം, വയറിളക്കം എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു ഭക്ഷ്യജന്യ ബാക്ടീരിയ രോഗമാണ് സാൽമൊണെല്ല. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഇത് ഗുരുതരവും മാരകവുമായ അണുബാധകൾക്ക് കാരണമാകും.