ഓട്ടവ : ബ്രേക്കിങ് സിസ്റ്റത്തിലെ പ്രശ്നങ്ങളെ തുടർന്ന് കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും ആയിരക്കണക്കിന് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നതായി ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചു. 2015-2018 മോഡൽ ഫോർഡ് എഡ്ജും 2016-2018 മോഡൽ ആഡംബര ബ്രാൻഡായ ലിങ്കൺ എംകെഎക്സ് എസ്‌യുവികളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കാനഡയിൽ 52,547 വാഹനങ്ങളെയും യുണൈറ്റഡ് സ്റ്റേറ്റ്സിൽ 499,129 വാഹനങ്ങളെയും തിരിച്ചുവിളിക്കൽ ബാധിക്കുന്നു.

ഈ വാഹനങ്ങളിലെ പിൻ ബ്രേക്ക് ജൗൺസ് ഹോസുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ടെന്ന് ഫോർഡ് കാനഡ പറയുന്നു. ഇത് പിൻ ബ്രേക്ക് ജൗൺസ് ഹോസ് ക്രമേണ ബ്രേക്ക് ഫ്ലൂട് ചോർച്ചയ്ക്ക് കാരണമാകും. അതുവഴി ബ്രേക്ക് കുറയുന്നതിനും അപകട സാധ്യത വർധിക്കുമെന്നും കമ്പനി പറയുന്നു. ഈ പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി പറയുന്നു. എന്നാൽ, ഈ ആശങ്കയുമായി ബന്ധപ്പെട്ട 64 വാറൻ്റി ക്ലെയിമുകൾ, മൂന്ന് ഫീൽഡ് റിപ്പോർട്ടുകൾ, 16 ഉപഭോക്തൃ പരാതികൾ എന്നിവ ലഭിച്ചിട്ടുണ്ടെന്ന് ഫോർഡ് അറിയിച്ചു. ബാധിത വാഹനങ്ങൾ ഫോർഡ് അല്ലെങ്കിൽ ലിങ്കൺ ഡീലറുടെ അടുത്തേക്ക് കൊണ്ടുപോയി സൗജന്യമായി അറ്റകുറ്റപ്പണികൾ നടത്താനുള്ള നിർദ്ദേശങ്ങൾ ഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും കമ്പനി റിപ്പോർട്ട് ചെയ്തു.