ഓട്ടവ : കാനഡ റവന്യൂ ഏജൻസിയിലെ കാലതാമസം, സർവീസ് തടസ്സങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ 100 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ. ഏജൻസിയുടെ കോൾ സെന്‍ററുകളിലെ കാലതാമസത്തെക്കുറിച്ചുള്ള പരാതികൾക്കിടയിൽ, CRA പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പാർലമെൻ്റ് ധനകാര്യ സമിതിയുടെ ചെയർമാന് അയച്ച കത്തിൽ ഷാംപെയ്ൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാൻ CRA യോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

വരും വർഷങ്ങളിൽ ലിബറൽ സർക്കാർ വ്യാപകമായ ചെലവ് ചുരുക്കൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ധനമന്ത്രി കത്ത് അയച്ചത്. CRA പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് പാർലമെൻ്റ് അംഗങ്ങളെ അറിയിക്കാൻ താനും മറ്റ് ടാക്സ് ഏജൻസി ഉദ്യോഗസ്ഥരും ധനകാര്യ സമിതിയിൽ ഹാജരാകുമെന്ന് ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ വർഷം മെയ് മുതൽ CRA-യിൽ മൂവായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായും ഇനിയും ജീവനക്കാരെ ഒഴിവാക്കിയാൽ കാനഡ റവന്യൂ ഏജൻസിയുടെ സർവീസ് കൂടുതൽ വഷളാകുമെന്നും യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് പറയുന്നു.