വൻകൂവർ : കാട്ടുതീ പുക മൂടിയതോടെ മെട്രോ വൻകൂവറിലും ഫ്രേസർ വാലിയിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. യുഎസിലെ തീപിടുത്തങ്ങൾക്ക് പുറമേ, ഹോപ്പിന് തൊട്ടുകിഴക്ക്, വിസ്‌ലറിനടുത്തുള്ള പ്രദേശങ്ങളിലും കരിബൂ മേഖലയിലും കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക പ്രവിശ്യയിലുടനീളം പടരുന്നതായി ഏജൻസി അറിയിച്ചു. മുന്നറിയിപ്പ് കുറച്ച് ദിവസത്തേക്ക് അല്ലെങ്കിൽ കാലാവസ്ഥയിൽ മാറ്റം വരുന്നതുവരെ നിലനിൽക്കും. ബ്രിട്ടിഷ് കൊളംബിയയിൽ നിലവിൽ 154 സജീവ കാട്ടുതീകളുണ്ട്. അതിൽ 10 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരംഭിച്ചതാണ്.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണികകൾ കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുകയുടെ അളവ് വർധിക്കുന്നതനുസരിച്ച് ആരോഗ്യപരമായ അപകടസാധ്യതകളും വർധിക്കും. വീടിനു വെളിയിലുള്ള സമയം കുറയ്ക്കുകയും പുറത്തെ കായിക വിനോദങ്ങളും പ്രവർത്തനങ്ങളും പരിമിതപ്പെടുത്തണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. ഗർഭിണികൾ, കുട്ടികൾ, 65 വയസ്സിനു മുകളിലുള്ളവർ എന്നിവരെ ഇത് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. ജനങ്ങൾ പുറത്ത് സമയം ചെലവഴിക്കുമ്പോൾ റെസ്പിറേറ്റർ-ടൈപ്പ് മാസ്ക് ധരിക്കണം.