ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2. 30 പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യ സഖ്യ അംഗങ്ങള്‍ക്കായി തിരഞ്ഞെടുപ്പിനായുള്ള മോക്ക് പോള്‍ നടത്തും. ഇന്ന് വൈകീട്ട് 7.30 ന് പ്രതിപക്ഷ അംഗങ്ങള്‍ക്കായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അത്താഴവിരുന്ന് നല്‍കും.
നാളെ രാവിലെ 10 മണിക്ക് പോളിങ് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. വൈകീട്ട് തന്നെ ഫലം പ്രഖ്യാപിക്കും.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ പി സി മോഡിയാണ് പാര്‍ലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങള്‍ നടത്തുക.

എന്‍ഡിഎ സ്ഥാനാര്‍ഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട ഇലക്ട്രോറല്‍ കോളജില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം. ആകെ 783 എംപിമാരില്‍ എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ നിലപാട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.