അമേരിക്കയുടെ തീരുവയുദ്ധത്തെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ ഇന്ന് ബ്രിക്‌സ് രാജ്യങ്ങള്‍ യോഗം ചേരും. വെര്‍ച്വലായാണ് യോഗം. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡിസില്‍വ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും തീരുമാനം മാറ്റി.
ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനാലാണ് ഇതെന്നാണ് സൂചന. ബ്രസീലിനും 50 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിട്ടുള്ളത്. അതേസമയം റഷ്യയ്‌ക്കെതിരെ രണ്ടാം ഘട്ട ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തീരുവ ആലോചിക്കുമോയെന്ന ചോദ്യത്തിനും അതേ എന്ന് ട്രംപ് മറുപടി നല്‍കി. നിലവിലെ സാഹചര്യത്തില്‍ സന്തോഷവാനല്ലെന്നും എന്നാല്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്ന് ഉറപ്പുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചയില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് റഷ്യയെ സമ്മര്‍ദത്തിലാക്കാനാണ് ട്രംപിന്റെ നീക്കം.