Wednesday, September 10, 2025

ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: മൂന്നാം പ്രതി അറസ്റ്റിൽ

ടൊറൻ്റോ : ഹാമിൽട്ടണിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച കേസിൽ മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹാമിൽട്ടൺ പൊലീസ് അറിയിച്ചു. ഏപ്രിൽ 17-ന് ഹാമിൽട്ടണിലെ അപ്പർ ജെയിംസ് സ്ട്രീറ്റിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വെടിവയ്പ്പിൽ മോഹോക് കോളേജ് വിദ്യാർത്ഥിനിയായ 21 വയസ്സുള്ള ഹർസിമ്രത് രൺധാവ കൊല്ലപ്പെട്ടിരുന്നു. കേസിൽ സെപ്റ്റംബർ 8 ന്, ടൊറൻ്റോയിൽ നിന്നും 29 വയസ്സുളള ജെയ്‌ഡൻ ജോൺസിനെ അറസ്റ്റ് ചെയ്തതായി ഹാമിൽട്ടണിലെയും ടൊറൻ്റോയിലെയും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് 32 വയസ്സുള്ള ജെർഡൈൻ ഫോസ്റ്ററിനെയും 26 വയസ്സുള്ള ഒബീസിയ ഒകാഫോറിനെയും ഉദ്യോഗസ്ഥർ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം പ്രതി ജെയ്‌ഡൻ ജോൺസിനെതിരെ കൊലപാതക കുറ്റവും കൊലപാതക ശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്.

അപ്പർ ജയിംസ് സ്ട്രീറ്റിലെ സൗത്ത് ബെൻഡ് റോഡ് ഏരിയയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോളാണ് ഹർസിമ്രത് വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ അബദ്ധത്തില്‍ ഹർസിമ്രത് രൺധാവയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഉദ്യോഗസ്ഥർ എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഏപ്രിൽ 17 വ്യാഴാഴ്ച വൈകുന്നേരം 7:30 ഓടെയാണ് വെടിവയ്പ്പ് നടന്നത്. കറുത്ത മെഴ്‌സിഡസ് എസ്‌യുവിയും വെളുത്ത ഹ്യുണ്ടായ് എലാൻട്രയും ഇതിൽ ഉൾപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, എസ്‌യുവിയിലെ യാത്രക്കാരൻ സെഡാനിൽ ഉണ്ടായിരുന്നവർക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർത്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഹാമിൽട്ടൺ പൊലീസ് രണ്ട് വാഹനങ്ങളും കണ്ടെടുത്തു. വെടിവയ്പ്പിൽ ഏഴ് പേർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. സംഭവസമയത്ത് ഫോസ്റ്റർ മെഴ്‌സിഡസിൽ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!