ഓട്ടവ : ആദ്യ കൂട്ടായ കരാറിനായി ചർച്ച ആരംഭിക്കാനൊരുങ്ങി പോർട്ടർ എയർലൈൻസ് പൈലറ്റുമാർ. ഓഗസ്റ്റിൽ ഔദ്യോഗികമായി യൂണിയനിൽ ചേർന്ന പൈലറ്റുമാർ, ചർച്ച ആരംഭിക്കാൻ പോർട്ടർ എയർലൈൻസിന് രേഖാമൂലം കത്ത് നൽകിയതായി എയർ ലൈൻ പൈലറ്റ്സ് അസോസിയേഷൻ (ALPA) അറിയിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പോർട്ടർ എയർലൈൻസ് പ്രതികരിച്ചിട്ടില്ല.

എയർലൈനിന്‍റെ വിജയത്തിനൊപ്പം പൈലറ്റുമാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി പോർട്ടർ മാനേജ്മെൻ്റുമായി ആദ്യ കൂട്ടായ കരാറിനായുള്ള ചർച്ച ഔദ്യോഗികമായി ആരംഭിക്കുമെന്ന് പോർട്ടർ പൈലറ്റുമാരുടെ മാസ്റ്റർ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനായ ക്യാപ്റ്റൻ ആൻഡ്രൂ ആക്സൺ പറയുന്നു. എയർ കാനഡയിൽ ജോലി ചെയ്യുന്ന ALPA പൈലറ്റുമാർ എയർലൈനുമായി ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം 2024 അവസാനത്തോടെ ഒരു കരാർ അംഗീകരിക്കുകയും പണിമുടക്ക് ഒഴിവാക്കുകയും ചെയ്തതിനെ തുടർന്നാണ് പോർട്ടർ എയർലൈൻസ് പൈലറ്റുമാർ കരാറിലെത്താൻ ഒരുങ്ങുന്നത്.