കാൽഗറി : കാല്‍ഗറി രാജ്യാന്തര വിമാനത്താവളം ഉടന്‍ തന്നെ പുതിയ എയ്‌റോസ്‌പേസ് പരിശീലന കേന്ദ്രമായി മാറും. ആല്‍ബര്‍ട്ട ട്രെയിനിങ് സെന്‍റർ ഓഫ് എക്‌സലന്‍സ് ഫോര്‍ ഏവിയേഷന്‍ ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന പേരിൽ കാല്‍ഗറിയില്‍ ആരംഭിക്കുന്ന ട്രെയിനിങ് സെന്‍ററിന് 126,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ടായിരിക്കും. പ്രവിശ്യാ സര്‍ക്കാര്‍, വെസ്റ്റ് ജെറ്റ്, എയര്‍ലൈന്‍ പരിശീലന കമ്പനിയായ സിഎഇ സംയുക്തമായി പ്രവിശ്യാ സര്‍ക്കാരിന്‍റെ ഒരു കോടി 11 ലക്ഷം ഡോളർ ഗ്രാന്‍ഡ് ഉപയോഗിച്ചാണ് ട്രെയിനിങ് സെന്‍റർ നിർമ്മിക്കുന്നത്.

പൈലറ്റുമാരെ പരിശീലിപ്പിക്കുന്നത് മുതൽ എയ്‌റോസ്‌പേസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വരെ ട്രെയിനിങ് സെന്‍ററിലൂടെ ലക്ഷ്യമിടുന്നു. ട്രെയിനിങ് സെന്‍റർ പൂർത്തിയാകുമ്പോൾ, ഓരോ വർഷവും ആറായിരത്തിലധികം വ്യോമയാന പ്രൊഫഷണലുകൾക്ക് പരിശീലനം സൗകര്യം ലഭിക്കും. കൂടാതെ എയർലൈൻ ട്രാൻസിഷൻ പ്രോഗ്രാമും ഇൻസ്ട്രക്ടർ ഡെവലപ്‌മെൻ്റ് പ്രോഗ്രാമും പോലുള്ള പരിശീലന പരിപാടികൾ കാൽഗറിയിലെ മൗണ്ട് റോയൽ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ആരംഭിക്കും.