ടൊറൻ്റോ : റിച്ച്മണ്ട് ഹില്ലിലുള്ള ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. അപകടത്തിൽ മൂന്ന് മുതിർന്നവർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യങ് സ്ട്രീറ്റിലെ നോട്ടിങ്ഹാം ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് റൂട്ട്സ് ഏർലി എഡ്യൂക്കേഷൻ അക്കാദമിയിലാണ് അപകടം നടന്നതെന്ന് യോർക്ക് മേഖല പൊലീസ് പറഞ്ഞു. പാർക്കിങ് ഏരിയയിൽ നിന്നും അക്കാദമിയുടെ ജനാലകളിലേക്ക് വാഹനം ഇടിച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. സംഭവസ്ഥലത്ത് 70 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തു.

അപകടത്തിന്‍റെ ഫലമായി കെട്ടിടത്തിന്‍റെ ചുമരിൽ ഒരു വലിയ ദ്വാരം ഉണ്ടായിട്ടുണ്ട്. കെട്ടിടത്തിന്‍റെ ജനൽച്ചില്ലുകൾ തകർന്നതായും നടപ്പാതയിൽ ഗ്ലാസ് കഷ്ണങ്ങൾ ചിതറിക്കിടക്കുന്നതായും സംഭവസ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ കാണാം. ഡേകെയറിനകത്ത് കുട്ടികളുടെ പ്ലാസ്റ്റിക് കസേരകളും മേശകളും തകർന്ന് കിടക്കുന്നതും ചിത്രത്തിലുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. ഗാംബിൾ റോഡിനും ബ്രൂക്ക്സൈഡ് റോഡിനും ഇടയിലുള്ള യങ് സ്ട്രീറ്റ് അടച്ചു.