എഡ്മിന്‍റൻ : യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി എഡ്മിന്‍റൻ പൊലീസ് അറിയിച്ചു. 32 വയസ്സുള്ള ഗുർവീന്ദർ പന്നുവാണ് അറസ്റ്റിലായത്. ജൂൺ 30 ന് പുലർച്ചെ 1:56 ഓടെ, 109 സ്ട്രീറ്റിലെ 101 അവന്യൂവിൽ നിന്നും ഇരുണ്ട ചാരനിറത്തിലുള്ള 2023 മോഡൽ നിസ്സാൻ റോഗ് വാഹനത്തിൽ ഗുർവീന്ദർ യുവതിയെ കൂട്ടിക്കൊണ്ടു പോയതായി പൊലീസ് പറയുന്നു. യാത്രയ്ക്കിടെ, ഗുർവീന്ദർ ഒഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത ശേഷം യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ഓഗസ്റ്റ് 30 ന്, ഗുർവീന്ദർ പന്നുവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ലൈംഗികാതിക്രമത്തിന് കേസെടുത്തു. ടാക്സി സർവീസിൽ ജോലി ചെയ്യാതിരിക്കുക, സ്ത്രീയുമായി സമ്പർക്കം പുലർത്താതിരിക്കുക, ആയുധങ്ങൾ കൈവശം വയ്ക്കാതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെ ഗുർവീന്ദർ പന്നുവിനെ ജാമ്യത്തിൽ വിട്ടതായി അധികൃതർ അറിയിച്ചു. നിരവധി സ്ത്രീകൾ പന്നുവിന്റെ ഇരകളായിട്ടുണ്ടെന്ന് വിശ്വസിക്കുന്നതായി എഡ്മിന്‍റൻ പൊലീസ് അറിയിച്ചു. പന്നുവുമായി ബന്ധപ്പെട്ട് പരാതികളുള്ളവർ എഡ്മിന്‍റൻ പൊലീസ് സർവീസുമായി 780-423-4567 എന്ന നമ്പറിൽ ബന്ധപ്പെടണം.