ഓട്ടവ : പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയുമായുള്ള നയതന്ത്രബന്ധം പുനഃരാരംഭിക്കുന്നതിനിടെ ഇന്ത്യ കനേഡിയൻ പൗരന്മാർക്ക് വീണ്ടും ഭീഷണി ഉയർത്തുന്നതായി ആരോപണം. ഇന്ത്യ കനേഡിയൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടി കാനഡയിലെ പ്രമുഖ സിഖ് ആക്ടിവിസ്റ്റിന്‍റെ ജീവൻ അപകടത്തിലാണെന്ന മുന്നറിയിപ്പുമായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് രംഗത്ത് എത്തി. കാനഡ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ആർസിഎംപിയുടെ റിപ്പോർട്ട് പുറത്തുവരുന്നത്. ഒൻ്റാരിയോ ബ്രാംപ്ടണിൽ താമസിക്കുന്ന ഇന്ദർജീത് സിങ് ഗോസലാണ് വധഭീഷണി നേരിടുന്നത്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്‍റെ സ്വാതന്ത്ര്യത്തിനായുള്ള പ്രതിഷേധ പ്രചാരണത്തിന്‍റെ കാനഡയിലെ സംഘാടകനാണ് ഗോസൽ. ഖലിസ്ഥാൻ ലീഡർ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിന് ശേഷമാണ് അദ്ദേഹം ആ ചുമതല ഏറ്റെടുത്തത്.

ആർസിഎംപി ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ആഴ്ചകൾക്കുള്ളിൽ താൻ കൊല്ലപ്പെടുമെന്ന് കഴിഞ്ഞ മാസം ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്ദർജീത് സിങ് ഗോസൽ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലയാളികൾ കാനഡയിലുണ്ടെന്നും അവർ കൊലപാതകത്തിന് തയ്യാറെടുക്കുകയാണെന്നും തിങ്കളാഴ്ച ആർസിഎംപി ഉദ്യോഗസ്ഥർ വീണ്ടും മുന്നറിയിപ്പ് നൽകിയെന്നും ഗോസൽ പറയുന്നു. പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, ഇന്ദർജീത് സിങ് ഗോസൽ അത് നിരസിച്ചു.

ബ്രിട്ടിഷ് കൊളംബിയ സറേയിൽ നടന്ന നിജ്ജാറിന്‍റെ കൊലപാതകത്തിന് ഇന്ത്യ ഒത്താശ ചെയ്തുവെന്നും വിഘടനവാദ പ്രസ്ഥാനത്തിൽ പങ്കാളികളായ മറ്റുള്ളവർക്കെതിരെ ഗൂഢാലോചന നടത്തിയെന്നും കാനഡ ആരോപണം ഉന്നയിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.