തിരുവനന്തപുരം : ലൈംഗികാരോപണത്തെ തുടർന്ന് കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുൽ ഇതുവരെ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുൽ നിയമസഭയിലെത്തിയത്. രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കറെ അറിയിച്ചിട്ടുള്ളതിനാൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടർന്ന് രാഹുൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകുമെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.