ടൊറൻ്റോ : മോണാർക്ക് പാർക്ക് ഹൈസ്കൂളിന് സമീപം ചെറിയ വിമാനം തകർന്ന് വീണതായി ടൊറൻ്റോ ഫയർഫോഴ്‌സ് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ ഫെൽസ്റ്റെഡ്-ഗ്രീൻവുഡ് അവന്യൂവിൽ മോണാർക്ക് പാർക്ക് കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. 30 നും 40 നും ഇടയിൽ പ്രായമുള്ള മൂന്ന് പേർ വിമാനത്തിലുണ്ടായിരുന്നു. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നാല് പേർക്ക് ഇരിക്കാവുന്ന 140 പൈപ്പർ ചെറോക്കി (C-FXGC) വിമാനമാണ് തകർന്നുവീണത്.

അപകടത്തെ തുടർന്ന് ചെറിയ അളവിൽ ഇന്ധനം ചോർന്നിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയതായി ടൊറൻ്റോ ഫയർ ചീഫ് ജിം ജെസ്സോപ്പ് പറഞ്ഞു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ട്രാൻസ്‌പോർട്ട് കാനഡ അന്വേഷണം ആരംഭിക്കും.