ഓട്ടവ : പണിമുടക്ക് അവസാനിപ്പിക്കാൻ ക്രൗൺ കോർപ്പറേഷൻ കരാർ ചർച്ച പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) തൊഴിലാളികൾ റാലി നടത്തി. അടുത്തിടെ എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകളുടെ പണിമുടക്ക് അവസാനിപ്പിക്കാൻ ഇടപെട്ടതുപോലെ ഒരു നീക്കം ഫെഡറൽ സർക്കാരിൽ നിന്നും ഉണ്ടാവണമെന്ന് CUPW ലോക്കൽ പ്രസിഡൻ്റ് ഡ്വെയ്ൻ കോർണർ ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള എംപിമാരുടെ ഓഫീസിന് സമീപം നടന്ന റാലിയിൽ ആയിരക്കണക്കിന് പോസ്റ്റൽ ജീവനക്കാർ പങ്കെടുത്തു.

കാനഡ പോസ്റ്റുമായുള്ള യൂണിയന്‍റെ ചർച്ച തീരുമാനം ആകാതെ 21 മാസത്തിലേറെയായി നീളുകയാണ്. കഴിഞ്ഞ മാസം, കാനഡ പോസ്റ്റ് മുന്നോട്ടു വെച്ച ഏറ്റവും പുതിയ ഓഫർ യൂണിയൻ അംഗങ്ങൾ നിരസിച്ചിരുന്നു. കഴിഞ്ഞ ദിവസം യൂണിയൻ ഓവർടൈം നിരോധനം പിൻവലിച്ചിരുന്നു. എന്നാൽ, കൊമേർഷ്യൽ ഫ്ലയർ ഡെലിവറി നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം പണിമുടക്ക് ദോഷകരമായി ബാധിച്ചതോടെ പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളർ നഷ്ടമുണ്ടാകുന്നതായി ക്രൗൺ കോർപ്പറേഷൻ പറയുന്നു.