ഓട്ടവ : വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം കണക്കിലെടുത്ത് പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ സെൻട്രൽ ബാങ്കിന്‍റെ ബെഞ്ച്മാർക്ക് നിരക്ക് 2.5 ശതമാനമായി. തുടർച്ചയായ മൂന്ന് തവണ 2.75 ശതമാനമായി നിലനിർത്തിയതിന് ശേഷമാണ് സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്.

താരിഫുകളുടെ ഭാരം മൂലം സമീപ മാസങ്ങളിൽ സമ്പദ്‌വ്യവസ്ഥ ദുർബലമായതിനാലും തൊഴിൽ വിപണി മന്ദഗതിയിലായതിനാലും പണപ്പെരുപ്പ വർധന ഉണ്ടായിട്ടും ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നു. എന്നാൽ, മൂന്നാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനാലും, പണപ്പെരുപ്പം സ്റ്റിക്കി ആയി തുടരുന്നതിനാലും, വരാനിരിക്കുന്ന ഫെഡറൽ ബജറ്റിലെ സാമ്പത്തിക ഉത്തേജനം വരും മാസങ്ങളിൽ പണപ്പെരുപ്പം വർധിക്കാൻ സാധ്യതയുള്ളതിനാലും നിരക്ക് നിലനിർത്തൽ ഇപ്പോഴും പരിഗണനയിലാണെന്ന് ആർബിസി ഇക്കണോമിക്സ് വ്യക്തമാക്കിയിരുന്നു.