ഓട്ടവ : രാജ്യതലസ്ഥാനത്തെ വാഹന ഉടമകൾ ഇന്ധനടാങ്ക് നിറയ്ക്കാൻ വ്യാഴാഴ്ച വരെ കാത്തിരുന്നാൽ കൂടുതൽ പണം ലാഭിക്കാം. ഓട്ടവയിൽ വ്യാഴാഴ്ച ഇന്ധനവില ലിറ്ററിന് 10 സെൻ്റ് കുറയുമെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്ടീഗ് അറിയിച്ചു. പെട്രോൾ വില ബുധനാഴ്ചത്തെ144.9 സെൻ്റിൽ നിന്ന് വ്യാഴാഴ്ച ലിറ്ററിന് 134.9 സെൻ്റായി കുറയും.

സെപ്റ്റംബർ മധ്യത്തിൽ സമ്മർ-ബ്ലെൻഡ് ഇന്ധനത്തിൽ നിന്നും വിന്‍റർ-ഗ്രേഡ് ഇന്ധനത്തിലേക്ക് മാറുന്നതാണ് ഇന്ധനവില കുറവിന് പ്രധാന കാരണമെന്നും ഡാൻ മക്ടീഗ് പറയുന്നു. ചൂടുള്ള കാലാവസ്ഥയിൽ പെട്രോൾ സ്ഥിരപ്പെടുത്തുന്ന അഡിറ്റീവുകൾ റിഫൈനർമാർ അവരുടെ ഇന്ധന നിർമ്മാണത്തിൽ ചേർക്കേണ്ടതുണ്ട്. എന്നാൽ, ശൈത്യകാലത്ത് ഇതിന്‍റെ ആവിശ്യമില്ലാത്തതിനാൽ ഉൽപ്പാദനച്ചിലവ് കുറയുമെന്നും ഇത് ഇന്ധനവിലയിൽ പ്രകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.