വിനിപെഗ് : പ്രവിശ്യയിൽ ആശങ്കാജനകമായി എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതായി മാനിറ്റോബ ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 2019 മുതൽ മാനിറ്റോബയിലെ എച്ച്ഐവി രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി വർധിക്കുകയാണെന്നും ഈ വർഷം ജനുവരി 1 മുതൽ ജൂൺ 30 വരെ 189 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ ആറ് മാസത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികമാണ്. പ്രത്യേകിച്ച്, പ്രൈറി മൗണ്ടൻ ഹെൽത്ത് റീജനലിൽ ദ്രുതഗതിയിലുള്ള വർധന ഉണ്ടായതായി ഉദ്യോഗസ്ഥർ പറയുന്നു.

പ്രവിശ്യയിലെ പുതിയ എച്ച്ഐവി കേസുകളിൽ ഭൂരിഭാഗവും മയക്കുമരുന്ന് ഉപയോഗവുമായും ഭിന്നലിംഗ ലൈംഗികതയുമായും ബന്ധപ്പെട്ടിരിക്കുന്നതായി മാനിറ്റോബ മെഡിക്കൽ ഓഫീസർ ഡോ. കാരൾ കുർബിസ് പറയുന്നു. കൂടാതെ മാനിറ്റോബ നിവാസികൾ രോഗബാധിതരാകുന്നതിന് ഭവനപ്രതിസന്ധി, ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസികാരോഗ്യ പ്രശ്നങ്ങൾ, ദാരിദ്ര്യം എന്നിവ കാരണമാകുന്നതായും അവർ കൂട്ടിച്ചേർത്തു. അണുബാധയുള്ള വ്യക്തിയുടെ രക്തം, ബീജം, പ്രീ സെമിനൽ ഫ്ലൂയ്ഡ്, റെക്ടൽ ഫ്ലൂയ്ഡ്, യോനീ സ്രവങ്ങൾ, മുലപ്പാൽ എന്നിവയിലൂടെ എച്ച്ഐവി പകരാം. യുവജനങ്ങൾക്കിടയിൽ എച്ച്ഐവി അവബോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ഡോ. കാരൾ കുർബിസ് പറഞ്ഞു.
