ടൊറൻ്റോ : ഇന്ന് നഗരത്തിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. സെപ്റ്റംബറിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളിലൊന്നായിരിക്കും വ്യാഴാഴ്ചയെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇന്ന് ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, ഈർപ്പവും കൂടിച്ചേരുമ്പോൾ താപനില 33 ഡിഗ്രി സെൽഷ്യസിലേക്ക് കുത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. സെപ്റ്റംബർ മധ്യത്തിലെ ടൊറൻ്റോയിലെ പകൽ സമയത്തെ ശരാശരി താപനില ഏകദേശം 22 ഡിഗ്രി സെൽഷ്യസാണ്. ഇതിനർത്ഥം വ്യാഴാഴ്ചത്തെ താപനില സാധാരണയേക്കാൾ ഏകദേശം ആറ് ഡിഗ്രി കൂടുതലാണെന്നാണ്.

ചൂടുള്ളതും ഈർപ്പമുള്ളതുമായ വാരാന്ത്യം പ്രതീക്ഷിക്കുന്നവരെ നിരാശരാക്കിക്കൊണ്ട് വെള്ളിയാഴ്ച വൈകി തെക്കൻ ഒൻ്റാരിയോയിൽ തണുത്ത കാലാവസ്ഥ വന്നെത്തും. ശനിയാഴ്ചയോടെ ടൊറൻ്റോയിലെ താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ചത്തെ ഏറ്റവും ഉയർന്ന താപനിലയിൽ നിന്ന് ഏകദേശം 10 ഡിഗ്രി കുറവ്. വെള്ളിയാഴ്ച രാത്രിയിൽ താപനില ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ടൊറൻ്റോയിലെ ഞായറാഴ്ച പകൽ സമയത്തെ താപനില 24 ഡിഗ്രി സെൽഷ്യസായിരിക്കും. രാത്രിയാകുമ്പോഴേക്കും മഴ ആരംഭിക്കും. നഗരത്തിൽ മഴയ്ക്ക് 30% സാധ്യതയുണ്ടെങ്കിലും, രാത്രിയിൽ പതിവിലും അല്പം ചൂടായിരിക്കും (15 °C). തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ പ്രവചിക്കപ്പെടുന്നു. പകൽ സമയത്തെ ഉയർന്ന താപനില യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസുമായിരിക്കും.