ഓട്ടവ : അമേരിക്കയുടെ വ്യാപാര യുദ്ധത്തെ ചെറുക്കാൻ മെക്സിക്കോയുമായി തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കാൻ ഒരുങ്ങി കാനഡ. ഇന്ന് ആരംഭിക്കുന്ന മെക്സിക്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി മാർക്ക് കാർണി, മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോമുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാർണിയും ഷെയിൻബോമും ഇന്ന് ഒരു വൺ-ഓൺ-വൺ മീറ്റിങ്ങിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി അനിത ആനന്ദ്, കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ, കാർണിയുടെ പാർലമെന്‍ററി സെക്രട്ടറി റേച്ചൽ ബെൻഡയൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിൽ പതിവ് ആശയവിനിമയവും സഹകരണവും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, സുരക്ഷാ മേഖലയിലെ സഹകരണത്തെക്കുറിച്ചും കാർണിയും ഷെയിൻബോമും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ, വ്യാപാരം, ആരോഗ്യം, കൃഷി, അടിയന്തര തയ്യാറെടുപ്പ്, സുരക്ഷ എന്നിവ കരാറിൽ ഉൾപ്പെടും. കൂടാതെ മയക്കുമരുന്ന്, തോക്ക് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഇരുവരുടെയും യോഗത്തിൽ ഉൾപ്പെടുന്നു. സാമ്പത്തിക വളർച്ച, സുരക്ഷ, വ്യാപാരം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രി അനിത ആനന്ദും ധനമന്ത്രി ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്‌നും ഓഗസ്റ്റിൽ മെക്സിക്കോ സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കാർണിയുടെ രണ്ട് ദിവസത്തെ മെക്സിക്കോ സിറ്റി സന്ദർശനം നടക്കുന്നത്.