ഓട്ടവ : കരാർ ചർച്ച മുന്നോട്ടു കൊണ്ടുപോകുന്നതിനായി പുതിയ ഓഫർ അവതരിപ്പിക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. തിങ്കളാഴ്ച നിലവിൽ വന്ന ഫ്ലയറുകൾ ഡെലിവറി ചെയ്യുന്നതിനുള്ള നിരോധനം പിൻവലിക്കാൻ 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനോട് ആവശ്യപ്പെടുന്നതായും ക്രൗൺ കോർപ്പറേഷൻ അറിയിച്ചു. ഇരു കക്ഷികളും അടുത്ത ആഴ്ച ചർച്ച ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാനഡ പോസ്റ്റ് പറയുന്നു. അത് സാധ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും തപാൽ വകുപ്പ് അറിയിച്ചു. ഏകദേശം രണ്ട് വർഷമായി ഇരുവിഭാഗവും കരാർ ചർച്ചകളിലാണ്.

കമ്പനിയുടെ നിലവിലെ അവസ്ഥ മനസിലാക്കി, പ്രായോഗിക പരിഹാരം കണ്ടെത്താൻ യൂണിയൻ കരാർ ചർച്ച പുനഃരാരംഭിക്കാൻ തയ്യാറാകണമെന്നും ക്രൗൺ കോർപ്പറേഷൻ വക്താവ് അഭ്യർത്ഥിച്ചു. വാരാന്ത്യ ഡെലിവറി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇരു കക്ഷികൾക്കും പൊതുവായ നിലപാട് കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് പുതിയ ഓഫർ മുന്നോട്ടുവെച്ചിരിക്കുന്നതിനും വക്താവ് പറയുന്നു.
ഓഗസ്റ്റ് ആദ്യം, തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) കാനഡ പോസ്റ്റ് മുന്നോട്ടുവെച്ച ഓഫർ നിരസിച്ചിരുന്നു.