എഡ്മിന്‍റൻ : കേരളത്തിന്‍റെ പൈതൃകം മനസ്സിലാക്കാനും മലയാളം പഠിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുന്ന മലയാളഭാഷാ പഠനകേന്ദ്രത്തിന് തുടക്കം കുറിച്ച് എഡ്മിന്‍റൻ മലയാളി അസോസിയേഷൻ (NERMA). പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം കനേഡിയൻ എം പി സിയാദ് അബുൾത്തൈഫ് നിർവ്വഹിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ എഡ്മിന്‍റൻ സിറ്റി കൗൺസിലർ ടിം കാർട്ട്മെൽ, രഞ്ജിത് സിങ് ബാത്ത്, ബനീശ സന്ധു തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ കാൽഗറി എന്നിവർ ആശംസകൾ അറിയിച്ചു. പഠനകേന്ദ്രം എഡ്മിന്‍റനിലെ മലയാളി കമ്മ്യൂണിറ്റിയിലെ അടുത്ത തലമുറയ്ക്ക് ഭാഷയും സംസ്കാരവും കൈമാറുന്നതിൽ നിർണ്ണായക പങ്കുവഹിക്കുമെന്നും NERMA ഭാരവാഹികൾ പറയുന്നു.