ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര യുദ്ധം സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെങ്കിലും കാനഡ സാമ്പത്തിക മാന്ദ്യത്തെ മറികടന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 2025 ലെ രണ്ടാം പാദത്തിൽ, താരിഫ് ബാധിച്ച കാനഡയുടെ സമ്പദ്‌വ്യവസ്ഥ 1.6% ഇടിവ് നേരിട്ടുണ്ട്. എന്നാൽ, സെപ്റ്റംബറിൽ അവസാനിക്കുന്ന മൂന്നാം പാദത്തിൽ, ഒരു ചെറിയ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പറയുന്നു. മൂന്നാം പാദത്തിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ 1.7% വളർച്ച കൈവരിക്കുമെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മൂന്നാം പാദത്തിൽ 0.8% ത്രൈമാസ വളർച്ചാ നിരക്ക് കൈവരിക്കുമെന്ന് ടിഡി ബാങ്ക് പ്രവചിക്കുന്നു. ഇതിനർത്ഥം സാങ്കേതികമായി മാന്ദ്യം ഒഴിവാക്കപ്പെടും. മൂന്നാം പാദത്തിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ മിതമായ വളർച്ച കൈവരിക്കുമെന്ന് റോയൽ ബാങ്ക് ഓഫ് കാനഡയും പ്രവചിക്കുന്നു. അതേസമയം കാനഡ വലിയ തോതിലുള്ള മാന്ദ്യം ഒഴിവാക്കുമെങ്കിലും, ചില വിപണികളിൽ “പ്രാദേശിക മാന്ദ്യം” നേരിടേണ്ടിവരുമെന്ന് ആർബിസി പ്രവചിക്കുന്നു. ഈ വിപണികളിൽ ഒൻ്റാരിയോയിലെ നിർമ്മാണ തൊഴിലാളികൾ കേന്ദ്രീകരിച്ചിരിക്കുന്ന മധ്യ-തെക്കൻ ഒൻ്റാരിയോയും തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

നിലവിലെ താരിഫിനു കീഴിൽ മാന്ദ്യം പ്രതീക്ഷിക്കുന്നില്ല, പക്ഷേ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാൽ, മന്ദഗതിയിലുള്ള വളർച്ച കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.