ലണ്ടൻ : വാരാന്ത്യത്തിൽ നിരവധി യൂറോപ്യൻ എയർപോർട്ടുകളിൽ തടസ്സം സൃഷ്ടിച്ച സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യുകെയിൽ ഒരാളെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) അറിയിച്ചു. ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങളെ ബാധിച്ച സൈബർ ആക്രമണത്തിൽ കമ്പ്യൂട്ടറുകൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ സംശയിച്ചാണ് ചൊവ്വാഴ്ച വൈകിട്ട് 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്ന് എൻസിഎ ഡെപ്യൂട്ടി ഡയറക്ടർ പോൾ ഫോസ്റ്റർ അറിയിച്ചു.

വാരാന്ത്യത്തിൽ നിരവധി യൂറോപ്യൻ വിമാനത്താവളങ്ങളിലെ കോളിൻസ് എയ്‌റോസ്‌പേസിന്‍റെ സോഫ്റ്റ്‌വെയറിനെ സൈബർ ആക്രമണം ബാധിച്ചു. ഇതോടെ യാത്രക്കാർക്ക് ബോർഡിങ് പാസുകളും ബാഗ് ടാഗുകളും പ്രിൻ്റ് ചെയ്യാനും അവരുടെ ലഗേജ് അയയ്ക്കാനും കഴിഞ്ഞില്ല. സൈബർ ആക്രമണത്തിൽ റാൻസംവെയർ ഉപയോഗിച്ചതായി യൂറോപ്യൻ യൂണിയൻ ഏജൻസി ഫോർ സൈബർ സെക്യൂരിറ്റി (ENISA) വ്യക്തമാക്കിയിരുന്നു.
