ഓട്ടവ : ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ഇന്തോനേഷ്യയുമായി വ്യാപാര, പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച് കാനഡ. പുതിയ കരാറുകളിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാൻ്റോയും മാർക്ക് കാർണിയും ഒപ്പുവെച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ (ആസിയാൻ) അംഗവുമായി ഒപ്പുവച്ച ആദ്യത്തെ ഉഭയകക്ഷി വ്യാപാര കരാറാണിതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. സമുദ്ര സുരക്ഷ, സൈബർ പ്രതിരോധം, സൈനിക വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന പുതിയ പ്രതിരോധ സഹകരണ കരാറും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2021 ൽ ആരംഭിച്ച വ്യാപാര ചർച്ചകൾ പൂർത്തിയാക്കിയതായി കഴിഞ്ഞ നവംബറിൽ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു.

കരാർ പൂർണ്ണമായി നടപ്പിലാകുമ്പോൾ കാനഡയുടെ ഇന്തോനേഷ്യയിലേക്കുള്ള നിലവിലെ കയറ്റുമതിയുടെ 95 ശതമാനത്തിലധികം താരിഫുകൾ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുമെന്ന് കാർണി വ്യക്തമാക്കി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി കാനഡയും ഇന്തോനേഷ്യയും ഒരുമിച്ച് പ്രവർത്തിക്കാൻ കരാറിലൂടെ സാധിക്കുമെന്നും കാർണി പറഞ്ഞു.