വൻകൂവർ : പൊതുമേഖലാ തൊഴിലാളികളുടെ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബ്രിട്ടിഷ് കൊളംബിയയിലെ കൂടുതൽ മദ്യശാലകൾ അടയ്ക്കുന്നു. ഈ ആഴ്ച ആദ്യം പ്രവിശ്യയിലെ ലിക്വർ, കഞ്ചാവ് വെയർഹൗസുകളിലും ഹെഡ് ഓഫീസിലും പണിമുടക്ക് ആരംഭിച്ചിരുന്നു.

ബുധനാഴ്ച, 25 കടകൾ പണിമുടക്കിൽ പങ്കുചേർന്നെങ്കിൽ വ്യാഴാഴ്ച 37 മദ്യശാലകൾ കൂടി പണിമുടക്കിൽ പങ്കെടുക്കുന്നതായി ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ (ബി.സി.ജി.ഇ.യു) അറിയിച്ചു. ഇതോടെ പണിമുടക്കിൽ പങ്കെടുക്കുന്ന ആകെ ജീവനക്കാരുടെ എണ്ണം പതിനയ്യായിരത്തിലേക്ക് എത്തിയതായി ബി.സി.ജി.ഇ.യു പ്രസിഡൻ്റ് പോൾ ഫിഞ്ച് പറയുന്നു. ലിക്വർ, കഞ്ചാവ് വെയർഹൗസുകളിലും കടകളിലും പണിമുടക്ക് നടക്കുന്നതിനാൽ പ്രവിശ്യാ സർക്കാർ കനത്ത വരുമാനനഷ്ടം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. എത്രയും വേഗം സർക്കാർ ചർച്ച ആരംഭിക്കുന്നുവോ അത്രയും വേഗം പണിമുടക്ക് അവസാനിപ്പിക്കാമെന്നും ഫിഞ്ച് ഓർമ്മിപ്പിച്ചു.