വൻകൂവർ : ഗ്രീൻ പാർട്ടി ഓഫ് ബ്രിട്ടിഷ് കൊളംബിയയെ ഇനി പരിസ്ഥിതി പ്രവർത്തകയായ എമിലി ലോവൻ നയിക്കും. കഴിഞ്ഞ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ, 2020 മുതൽ ബിസി ഗ്രീൻസിനെ നയിച്ചിരുന്ന സോണിയ ഫർസ്റ്റെനോയ്ക്ക് പകരക്കാരിയായി എമിലി ചുമതലയേൽക്കും.

25 വയസ്സുള്ള എമിലി ലോവൻ 3,189 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ജോനഥൻ കെർ 1,908 വോട്ടുകളാണ് നേടിയത്. ആദം ബ്രെംനർ-അക്കിൻസ് 128 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. പ്രചാരണത്തിന്‍റെ തുടക്കം മുതൽ ആവർത്തിച്ച് പ്രഖ്യാപിച്ച സ്വദേശികളുടെ അവകാശങ്ങൾ അവഗണിക്കുന്ന പ്രധാന പദ്ധതികൾ നിർത്തലാക്കുക, ജീവിതച്ചെലവ് കുറയ്ക്കുക, അതിസമ്പന്നർക്ക് നികുതി ചുമത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു.