വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയയിലെ ലില്ലൂറ്റിൽ അപകടത്തിൽപ്പെട്ട ചെറുവിമാനത്തിന്‍റെ പൈലറ്റ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വൻകൂവറിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള ലില്ലൂറ്റ് വിമാനത്താവളത്തിന് സമീപം ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ബുഷ്മാസ്റ്റർ സൂപ്പർ 22 വിമാനം അപകടത്തിൽപ്പെട്ടത്.

സംഭവസ്ഥലത്ത് എത്തിയ പ്രാദേശിക ആർസിഎംപി ഉദ്യോഗസ്ഥർ പൈലറ്റിനെയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തി. പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തെടുത്ത് ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. യാത്രക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലം പരിശോധിക്കാൻ കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം പൂർത്തിയാക്കുന്നതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും ഏജൻസി അറിയിച്ചു.