മൺട്രിയോൾ : പെട്രോൾ വാഹനവിൽപ്പന നിരോധനം പിൻവലിക്കുമെന്ന് കെബെക്ക് സർക്കാർ അറിയിച്ചു. 2035 ൽ പെട്രോൾ വാഹനവിൽപ്പന നിരോധിക്കുമെന്ന് 2024 ഡിസംബറിൽ പ്രവിശ്യ സർക്കാർ പ്രഖ്യാപിച്ചിരുന്നു. നിരോധനം പിൻവലിക്കാനുള്ള തീരുമാനം ഓട്ടോമൊബൈൽ വ്യവസായത്തിനെ തകർച്ചയിൽ നിന്നും കരകയറ്റുമെന്ന് പ്രവിശ്യാ പരിസ്ഥിതി മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ പറയുന്നു.

2035 ൽ പുതിയ വാഹന വിൽപ്പനയുടെ 90 ശതമാനവും ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് ആയിരിക്കണമെന്നാണ് ഇപ്പോൾ സർക്കാരിന്റെ ലക്ഷ്യം. എന്നാൽ, ഇത് 100% പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കണമെന്നില്ല. ചില പരിസ്ഥിതി നയങ്ങൾ താൽക്കാലികമായി അവസാനിപ്പിക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോൾ വാഹനവിൽപ്പന നിരോധനം പിൻവലിക്കാനുള്ള തീരുമാനം.