ഓട്ടവ : ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള നൈറ്റ് മെയർ ബാക്ടീരിയകളുടെ (nightmare bacteria) സാന്നിധ്യം കാനഡയിലുമുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ഇത് ഗുരുതരമായ ആഗോള ആരോഗ്യ പ്രതിസന്ധിക്ക് വഴിവെക്കുന്നതായി യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരമാണ് മുന്നറിയിപ്പ്.

നൈറ്റ് മെയർ ബാക്ടീരിയകൾ ഇതിനകം കാനഡയിലുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഐസക് ബൊഗോച്ച് പറയുന്നു. യൂറോപ്പ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലും ഈ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്, അദ്ദേഹം അറിയിച്ചു. ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, കോവിഡ്-19 മഹാമാരിയുടെ സ്വാധീനം തുടങ്ങിയ ഘടകങ്ങളാണ് ഈ പ്രതിസന്ധിക്ക് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആൻ്റിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്നതും, ഡോക്ടർ നിർദ്ദേശിച്ച കോഴ്സ് പൂർത്തിയാക്കാത്തതും ബാക്ടീരിയകൾക്ക് മരുന്നുകളോട് പൊരുതാനുള്ള ശേഷി നൽകുന്നതായി ഡോ. ഐസക് ബൊഗോച്ച് പറഞ്ഞു. മൃഗങ്ങളിൽ ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം നൈറ്റ് മെയർ ബാക്ടീരിയകൾക്ക് പ്രതിരോധം വികസിപ്പിക്കാനുള്ള അവസരം നൽകുമെന്ന് ബൊഗോച്ച് മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ പ്രതിരോധശേഷി നേടുന്ന നൈറ്റ് മെയർ ബാക്ടീരിയകൾക്ക് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ കഴിയും. ഇതിനെതിരെയുള്ള ഒരേയൊരു പ്രതിരോധമായി കരുതിയിരുന്ന കാർബപെനെംസ് എന്ന ആൻ്റിബയോട്ടിക്കിനെയും ഈ ബാക്ടീരിയകൾക്ക് പ്രതിരോധിക്കാൻ കഴിയുന്നുണ്ടെന്ന് ഡോ. ഐസക് ബൊഗോച്ച് റിപ്പോർട്ട് ചെയ്തു.