എഡ്മിന്‍റൻ : ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിലേക്ക് ചുവടുവച്ച് എംപി ഹീതർ മക്ഫെർസൺ. ഫെഡറൽ എൻഡിപിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് എഡ്മിന്‍റൻ സ്ട്രാത്ത്‌കോണ റൈഡിങ്ങിൽ നിന്നുള്ള ഹീതർ പ്രഖ്യാപിച്ചു. സൗത്ത്-സെൻട്രൽ എഡ്മിന്‍റനിലെ കാമ്പസ് സെൻ്റ്-ജീനിനടുത്തുള്ള ലാ സൈറ്റ് ഫ്രാങ്കോഫോണിൽ നടത്തിയ പ്രസംഗത്തിൽ, എൻഡിപിയെ വീണ്ടും മുൻനിരയിലേക്ക് എത്തിക്കുമെന്ന് അവർ പറഞ്ഞു. രാജ്യത്തെ ഏറ്റവും ശക്തമായ എൻഡിപി സീറ്റിൽ 2019 മുതൽ മക്ഫെർസൺ എംപിയാണ്.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത പരാജയം നേരിട്ടതോടെ മുൻ ലീഡർ ജഗ്മീത് സിങ് രാജിവെച്ചതോടെയാണ് എൻഡിപി നേതൃത്വമത്സരത്തിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പിൽ ഏഴു സീറ്റിലേക്ക് ചുരുങ്ങിയ എൻഡിപിക്ക് ഔദ്യോഗിക പാർട്ടി പദവിയും നഷ്ടപ്പെട്ടിരുന്നു. മാർച്ചിൽ വിനിപെഗിൽ നടക്കുന്ന കൺവെൻഷനിൽ എൻഡിപി അടുത്ത നേതാവിനെ തിരഞ്ഞെടുക്കും. എംപി ഹീതർ മക്ഫെർസണിന് പുറമെ ചലച്ചിത്ര നിർമ്മാതാവും പത്രപ്രവർത്തകയുമായ അവി ലൂയിസും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.