ബ്രാംപ്ടൺ : സാൽമൊണെല്ല മലിനീകരണ സാധ്യതയെ തുടർന്ന് ബ്രാംപ്ടണിലെ ഒരു സ്റ്റോറിൽ വിറ്റ പിസ്ത തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. 499 റേ ലോസൺ ബൊളിവാർഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ പഞ്ചാബി ബസാർ സ്റ്റോറിൽ നിന്നും 200 ഗ്രാം അളവിൽ വിറ്റ ഇന്ത്യൻ പഞ്ചാബി ബസാർ ബ്രാൻഡ് ഗ്രീൻ പിസ്തയാണ് തിരിച്ചുവിളിച്ചത്.

ഓഗസ്റ്റ് 13 ന് പായ്ക്ക് ചെയ്ത ഈ ഉൽപ്പന്നം ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ അരുതെന്ന് ഏജൻസി നിർദ്ദേശിച്ചു. തിരിച്ചുവിളിക്കപ്പെട്ട ഉൽപ്പന്നം കഴിച്ച് അസുഖബാധിതരായതായി കരുതുന്നവർ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 1-613-773-2342 എന്ന നമ്പറിലോ അല്ലെങ്കിൽ information@inspection.gc.ca ഇമെയിൽ ഐഡി വഴിയോ CFIA-യുമായി ബന്ധപ്പെടാം.