ഹാലിഫാക്സ് : ലേക്ക് ജോർജ് കാട്ടുതീ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ കിങ്‌സ് കൗണ്ടിയിലെ കൂടുതൽ പ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് നോവസ്കോഷ എമർജൻസി മാനേജ്‌മെൻ്റ് (ഇഎംഒ) മുന്നറിയിപ്പ് നൽകി. ബിർച്ച് ലെയ്ൻ, സ്പ്രൂസ് ഡ്രൈവ്, ബ്ലൂ ലെയ്ൻ എന്നിവ ഉൾപ്പെടുന്ന എയ്‌ൽസ്‌ഫോർഡ് തടാകത്തിന് സമീപമുള്ള ജനങ്ങൾ ഒഴിഞ്ഞുപോകാൻ തയ്യാറാകണം.

ചൊവ്വാഴ്ച രാവിലെ എട്ടു മണിവരെ കാട്ടുതീ 300 ഹെക്ടർ പ്രദേശത്ത് പടർന്നിട്ടുണ്ടെന്ന് നോവസ്കോഷ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസ് (DNR) റിപ്പോർട്ട് ചെയ്തു. 23 ഡിഎൻആർ അഗ്നിശമന സേനാംഗങ്ങളും 20 പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും നിലവിൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്ഥലത്തുണ്ട്. നാല് നോർത്ത് വെസ്റ്റ് ടെറിറ്ററീസ് വിമാനങ്ങൾ, ഒരു ഡിഎൻആർ, രണ്ട് കരാർ ഹെലികോപ്റ്ററുകൾ എന്നിവ തീ നിയന്ത്രിക്കാൻ ഉപയോഗിക്കുന്നു. ഇന്ന് കെബെക്കിൽ നിന്നും നാല് ഹെലികോപ്റ്ററുകൾ കൂടി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചൊവ്വാഴ്ച രാവിലെ നൽകിയ മുന്നറിയിപ്പിൽ, സ്ഥിതിഗതികൾ വഷളായാൽ താമസക്കാർ വേഗം പോകാൻ തയ്യാറായിരിക്കണം എന്ന് EMO അറിയിച്ചു. താമസക്കാർ അവരുടെ വളർത്തുമൃഗങ്ങൾ, പ്രധാനപ്പെട്ട രേഖകൾ, ആവശ്യത്തിന് മരുന്നുകൾ, ഭക്ഷണം, അടിയന്തര സാധനങ്ങൾ എന്നിവ കൈവശം കരുതണമെന്നും EMO നിർദ്ദേശിച്ചു. കൂടാതെ പ്രാദേശിക അപ്‌ഡേറ്റുകൾ നിരീക്ഷിക്കാനും സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഉടൻ പ്രദേശം വിടാനും താമസക്കാർക്ക് നിർദ്ദേശമുണ്ട്.