ഓട്ടവ : ഫെഡറൽ പിന്തുണയുടെ അഭാവം ചൂണ്ടിക്കാട്ടി അടച്ചുപൂട്ടിയ ഒൻ്റാരിയോ പേപ്പർ മില്ലിനെ രക്ഷിക്കാൻ വേണ്ട സഹായം നൽകുമെന്ന് വ്യവസായ മന്ത്രി മെലനി ജോളിയുടെ ഓഫീസ് അറിയിച്ചു. ഏകദേശം 420 പേർക്ക് നേരിട്ട് ജോലി നൽകുന്ന ഒൻ്റാരിയോയിലെ കപുസ്‌കാസിങിലുള്ള കാപ് പേപ്പർ മില്ലിനെ രക്ഷപ്പെടുത്താൻ സ്ട്രാറ്റജിക് ഇന്നൊവേഷൻ ഫണ്ടിലൂടെ ധനസഹായം നൽകുമെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി. മിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് ഒൻ്റാരിയോ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ജോളിയുടെ ഓഫീസ് അറിയിച്ചു.

ഒൻ്റാരിയോ സർക്കാരിൽ നിന്ന് അഞ്ച് കോടി ഡോളർ വായ്പ ലഭിച്ചതായും ധനസഹായത്തിനായി ഫെഡറൽ സർക്കാറിനെ സമീപിച്ചതായും കാപ് പേപ്പർ തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാൽ, പേപ്പർ മിൽ പ്രവർത്തനം തുടരാൻ വേണ്ട നടപടികളൊന്നും ഫെഡറൽ സർക്കാരിൽ നിന്നും ലഭിച്ചില്ലെന്ന് കാപ് പേപ്പർ പറയുന്നു. പ്രവർത്തന ചെലവുകൾക്കായി കാപ് പേപ്പറിന് ലക്ഷക്കണക്കിന് ഡോളർ നൽകിയതായും ഫെഡറൽ സർക്കാർ അടിയന്തര സഹായം അനുവദിക്കാത്തതിൽ നിരാശയുണ്ടെന്നും ഒൻ്റാരിയോ സർക്കാരും വെളിപ്പെടുത്തിയിരുന്നു.