കാൽഗറി : അപ്രതീക്ഷിത തടസ്സം കാരണം കാൽഗറി നഗരമധ്യത്തിൽ നൂറുകണക്കിന് ഉപയോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വൈദ്യുതി തടസ്സം ആരംഭിച്ചത്. കൊമേഴ്‌സ്യൽ കോർ, യൂ ക്ലെയർ, ചൈനാടൗൺ എന്നിവയുൾപ്പെടെ നഗരമധ്യത്തിലെ നിരവധി പ്രദേശങ്ങളിൽ തടസം ബാധിച്ചിട്ടുണ്ട്. എഴുന്നൂറ്റിഅമ്പതിലധികം ഉപയോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചതായി എൻമാക്‌സിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും വൈകിട്ട് അഞ്ച് മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻമാക്‌സ് അറിയിച്ചു.

വൈദ്യുതി തടസ്സം കാരണം കാൽഗറി നഗരത്തിൽ ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നില്ല. ഗതാഗതം സുഗമമാക്കുന്നതിനായി പോർട്ടബിൾ ജനറേറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. വാഹനമോടിക്കുന്നവർ വൈദ്യുതി തടസ്സം ബാധിച്ച ഇന്‍റർസെക്ഷനുകളെ നാലുവഴികളുള്ള സ്റ്റോപ്പുകളായി കണക്കാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.