വൻകൂവർ : ഇൻഡോ-കനേഡിയൻ ഗായകനും റാപ്പറുമായ എപി ധില്ലന്‍റെ ബ്രിട്ടിഷ് കൊളംബിയയിലെ വീടിന് നേരെ നടന്ന വെടിവെപ്പിൽ ലോറന്‍സ് ബിഷ്ണോയി സംഘാംഗത്തിന് ആറുവര്‍ഷം തടവ് ശിക്ഷ. 26 വയസ്സുള്ള അബ്ജീത് കിംഗ്രയെയാണ് വിക്ടോറിയ കോടതി ശിക്ഷിച്ചത്. കിംഗ്രയ്ക്ക് ആജീവനാന്ത തോക്ക് ഉപയോഗിക്കുന്നതിനുള്ള വിലക്കും കോടതി ഏർപ്പെടുത്തി. 2024 സെപ്റ്റംബർ രണ്ടിനാണ് എപി ധില്ലന്‍റെ വൻകൂവർ ഐലൻഡിലെ വീടിനു നേരെ വെടിവെപ്പും തീവെപ്പും ഉണ്ടായത്. വസതിയിലുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

ഓഗസ്റ്റില്‍ നടന്ന വിചാരണയിൽ അബ്ജീത് കിംഗ്ര കുറ്റം സമ്മതിച്ചിരുന്നു. ഇന്ത്യയിലെ ലോറൻസ് ബിഷ്‌ണോയി ക്രൈം ഗ്രൂപ്പുമായി പ്രതിക്ക് ബന്ധമുണ്ടെന്നും കാനഡയിൽ കുറ്റകൃത്യങ്ങൾ നടത്താൻ അവരുടെ നിർദ്ദേശപ്രകാരമാണ് പ്രതി പ്രവർത്തിക്കുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഒക്ടോബർ 30-ന് കിംഗ്രയെ അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാമത്തെ പ്രതി 24 വയസ്സുള്ള വിക്രം ശർമ്മയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അയാൾ ഇന്ത്യയിലേക്ക് പലായനം ചെയ്തതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) അറിയിച്ചു.