ടൊറൻ്റോ : രാജി ആവശ്യം ഉയരുന്നതിനിടെ പ്രവിശ്യാ പാർലമെൻ്റിൽ നിന്നും ഹ്രസ്വകാല അവധിയെടുക്കുകയാണെന്ന് എംപിപി ക്രിസ് സ്കോട്ട് അറിയിച്ചു. സൂ സെ മാരി റൈഡിങ്ങിൽ നിന്നും പ്രോഗ്രസീവ് കൺസർവേറ്റീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ് സ്കോട്ട് കഴിഞ്ഞ മാസം ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തെ പിസി കോക്കസിൽ നിന്ന് പുറത്താക്കി. അനിവാര്യമല്ലാത്ത പൊതുപരിപാടികളിൽ നിന്ന് അവധിയെടുക്കുമെങ്കിലും സൂ സെ മാരി റൈഡിങ്ങിലെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ആക്രമണം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സ്കോട്ടിനെതിരെയുള്ള കേസ് ഒക്ടോബർ 22 ന് കോടതി പരിഗണിക്കും. അതേസമയം തിരഞ്ഞെടുപ്പിൽ സ്കോട്ടിനോട് പരാജയപ്പെട്ട എൻഡിപി സ്ഥാനാർത്ഥി അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.