ഓട്ടവ : മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഫെഡറൽ സർക്കാരിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തിനും ഇടയിൽ ഇന്ന് കാനഡ പോസ്റ്റ് പുതിയ ഓഫർ അവതരിപ്പിക്കും. വെള്ളിയാഴ്ച ക്രൗൺ കോർപ്പറേഷൻ പുതിയ ഓഫർ അവതരിപ്പിക്കുമെന്ന് പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് (CUPW) സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ ഓഫർ പരിശോധിച്ച ശേഷം എത്രയും വേഗം തീരുമാനം അറിയിക്കുമെന്നും യൂണിയൻ അറിയിച്ചു.

വേതനം, പാർട്ട് ടൈം ജോലി, ഡെലിവറി മാനദണ്ഡങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് CUPW പ്രതിനിധീകരിക്കുന്ന 55,000 തപാൽ ജീവനക്കാർ പണിമുടക്കുന്നത്. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ പ്രതിസന്ധി രൂക്ഷമായി. ഓഗസ്റ്റ് ആദ്യം കാനഡ പോസ്റ്റ് മുന്നോട്ടുവെച്ച ഓഫർ യൂണിയൻ അംഗങ്ങൾ നിരസിച്ചിരുന്നു. അതിനിടെ നെയ്‌ബർഹുഡ് മെയിൽ എന്നറിയപ്പെടുന്ന വിലാസമില്ലാത്ത ഫ്ലൈയറുകളുടെ വിതരണം നിരോധിച്ചുകൊണ്ട് CUPW അടുത്തിടെ പണിമുടക്ക് ശക്തമാക്കി. കാനഡ പോസ്റ്റിൽ സമ്മർദ്ദം ചെലുത്താൻ ഈ നീക്കം ആവശ്യമാണെന്ന് യൂണിയൻ പറയുന്നു. എന്നാൽ, ലക്ഷക്കണക്കിന് ഫ്ലൈയറുകൾ കുടുങ്ങി കിടക്കുന്നതിനാൽ യൂണിയൻ നിരോധനം പിൻവലിക്കണമെന്ന് ക്രൗൺ കോർപ്പറേഷൻ ആവശ്യപ്പെട്ടു.