ടൊറൻ്റോ : പിക്കറിങിൽ 33,000 ഡോളറിലധികം വിലവരുന്ന ഡിസൈനർ സൺഗ്ലാസുകൾ മോഷ്ടിച്ച കേസിൽ മൂന്ന് യുവതികളെ തിരയുന്നു. പിക്കറിങ് ടൗൺ സെന്‍ററിനുള്ളിലെ ലെൻസ്ക്രാഫ്റ്റേഴ്‌സ് സ്റ്റോറിലാണ് മോഷണം നടന്നതെന്ന് ദുർഹം റീജനൽ പൊലീസ് അറിയിച്ചു. സെപ്റ്റംബർ 29 ന് രാത്രി എട്ടരയോടെയാണ് 1355 കിങ്സ്റ്റൺ റോഡിലുള്ള ഷോപ്പിങ് സെന്‍ററിലാണ് മോഷണം നടന്നത്. പ്രതികൾ സ്റ്റോറിൽ കയറി അറുപതിലധികം ജോഡി ഡിസൈനർ സൺഗ്ലാസുകൾ എടുത്ത് ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമായി ദുർഹം റീജനൽ പൊലീസ് യുവതികളുടെ ചിത്രം അടക്കം പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾ മൂവരും കറുത്ത വംശജരായ സ്ത്രീകളാണ്. മോഷണത്തിനിടെ ആർക്കും പരുക്കേറ്റിട്ടില്ല. പ്രദേശത്തെ മൊബൈൽ ഫോൺ, ഡാഷ്‌ക്യാം, നിരീക്ഷണ ദൃശ്യങ്ങൾ കൈവശമുള്ളവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ദുർഹം റീജനൽ പൊലീസ് അഭ്യർത്ഥിച്ചു.
