കാൽഗറി : മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ മുൻകൂർ വോട്ടിങ് ആരംഭിച്ചതായി ഇലക്ഷൻസ് കാല്‍ഗറി അറിയിച്ചു. ഒക്ടോബർ 11 വരെ രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ് മുൻകൂർ വോട്ടിങ്. പ്രധാന വോട്ടെടുപ്പ് ദിനമായ ഒക്ടോബർ 20-ന് വോട്ട് ചെയ്യാൻ സാധിക്കാത്തവർക്ക് അടക്കം നഗരത്തിലെ 42 അഡ്വാൻസ് പോളിങ് സ്റ്റേഷനുകളിൽ ഏതെങ്കിലുമൊന്നിൽ വോട്ടുചെയ്യാം, കാൽഗറി സിറ്റി റിട്ടേണിങ് ഓഫീസർ കേറ്റ് മാർട്ടിൻ അറിയിച്ചു.

പൊതുവായ സ്ഥലങ്ങൾക്ക് പുറമേ, കാൽഗറി നിവാസികൾക്ക് പോസ്റ്റ്-സെക്കൻഡറി സ്കൂളുകൾ, കെയർ ഫെസിലിറ്റി, ആശുപത്രികൾ, വോട്ടർമാർക്ക് ബാലറ്റ് ബോക്സ് എത്തിക്കുന്ന മൊബൈൽ വോട്ടിങ് സ്റ്റേഷൻ – വോട്ട് ബസ് എന്നിവയിലും വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതിന്, ഡ്രൈവിങ് ലൈസൻസ് പോലുള്ള സർക്കാർ നൽകിയ ഒരു ഐഡി കാർഡ് ആവശ്യമാണ്. മെയിൽ-ഇൻ ബാലറ്റുകൾ ഉൾപ്പെടെ മുൻകൂർ വോട്ടെടുപ്പിനിടെ രേഖപ്പെടുത്തുന്ന ബാലറ്റുകൾ തിരഞ്ഞെടുപ്പ് ദിവസം വൈകുന്നേരം ഏഴരയ്ക്ക് ശേഷം കൈകൊണ്ട് എണ്ണും.