ടൊറൻ്റോ : പ്രവിശ്യയിലെ സ്കൂൾ ബോർഡ് കമ്മിറ്റി മീറ്റിങ്ങുകളിൽ പൊതുജന പങ്കാളിത്തം നിയന്ത്രിക്കാൻ ഒരുങ്ങി ഒൻ്റാരിയോ സർക്കാർ. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് പ്രവിശ്യയിലെ അഞ്ച് സ്കൂൾ ബോർഡുകളുടെ അധികാരം നീക്കം ചെയ്തതിന് പിന്നാലെയാണ് പുതിയ മാറ്റവുമായി ഫോർഡ് സർക്കാർ രംഗത്ത് എത്തിയിരിക്കുന്നത്. പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധികാരപരിധിയിലുള്ള, ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (TDSB) ഉൾപ്പെടെയുള്ള സ്കൂൾ ബോർഡുകളോട് അവരുടെ പ്രതിമാസ മീറ്റിങ്ങുകളുടെ തത്സമയ സംപ്രേക്ഷണം തടയാൻ ഫോർഡ് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, തത്സമയ സംപ്രേക്ഷണം നിരോധിക്കുന്നതിന് വ്യക്തമായ കാരണങ്ങളൊന്നും സർക്കാർ പുറത്തുവിട്ടിട്ടില്ല.

അതേസമയം തത്സമയ സംപ്രേക്ഷണം നിരോധിക്കുന്ന സർക്കാർ തീരുമാനം നേരിട്ട് മീറ്റിങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് തിരിച്ചടിയാകുമെന്ന് TDSB വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാൻ ഡേവിഡ് ലെപോഫ്സ്കി പറയുന്നു.