വാഷിങ്ടൺ ഡി സി : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നിർണായക കൂടിക്കാഴ്ചയ്ക്ക് തുടക്കമായി. തിരഞ്ഞെടുപ്പിന് ശേഷം കാർണിയുടെ രണ്ടാമത്തെ വാഷിങ്ടൺ സന്ദർശനമാണിത്. വൈറ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ കാനഡ-യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ, വിദേശകാര്യ മന്ത്രി അനിത ആനന്ദ്, വ്യവസായ മന്ത്രി മെലനി ജോളി, പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്‌സൺ എന്നിവരുൾപ്പെടെയുള്ള കാബിനറ്റ് മന്ത്രിമാർ കാർണിക്കൊപ്പം പങ്കെടുക്കുന്നുണ്ട്. യുഎസിലെ കാനഡ അംബാസഡർ കിർസ്റ്റൺ ഹിൽമാനും യോഗത്തിലുണ്ട്.

അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് വൻതോതിലുള്ള തീരുവ ഏർപ്പെടുത്തിയ ഫെബ്രുവരി മുതൽ കാനഡയും യുഎസും തുടർച്ചയായ വ്യാപാര യുദ്ധത്തിലാണ്. പിന്നീട് കാനഡ-യുഎസ്-മെക്സിക്കോ കരാറിൽ (CUSMA) ഉൾപ്പെടാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രം ബാധകമാകുന്ന തരത്തിൽ അവ കുറച്ചു.

എന്നാൽ, ഈ ചർച്ച വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരുവയിൽ ഇളവ് ലഭിക്കുന്നതിന്, വ്യാപാരം, ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശാലമായ കരാർ ഉണ്ടാക്കേണ്ടി വരും. കരാർ ഉണ്ടാക്കുന്നതിൽ കാർണി പരാജയപ്പെട്ടാൽ അത് അദ്ദേഹത്തിന് കനത്ത തിരിച്ചടിയാകും.