ഓട്ടവ : വേനൽക്കാലത്തിന്‍റെ അവസാനത്തിൽ രാജ്യതലസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയും ചൂടുപിടിച്ചു. നഗരത്തിൽ സെപ്റ്റംബറിൽ വീടുകളുടെ വിൽപ്പനയും വിലയും വർധിച്ചതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 2.4% വർധനയിൽ സെപ്റ്റംബറിൽ രാജ്യതലസ്ഥാനത്ത് 1,089 വീടുകളാണ് വിറ്റത്. 2024 സെപ്റ്റംബറിൽ 1,047 വീടുകളും കോണ്ടോമിനിയങ്ങളും ആയിരുന്നു വിറ്റഴിക്കപ്പെട്ടത്. ഓഗസ്റ്റിൽ 1,236 വീടുകളും ജൂലൈയിൽ 1,318 പ്രോപ്പർട്ടികളും വിറ്റഴിക്കപ്പെട്ടു.

2024 സെപ്റ്റംബറിൽ വീടുകളുടെ വില 685,551 ഡോളറിൽ നിന്നും 2025 സെപ്റ്റംബറിൽ 690,397 ഡോളറായി വർധിച്ചു. പുതിയതായി വിപണിയിൽ എത്തിയ വീടുകളുടെ എണ്ണം 4,388 ആയി സെപ്റ്റംബറിൽ വർധിച്ചു. ഓഗസ്റ്റിൽ 3,971 ഉം ജൂലൈയിൽ 4,025 ഉം ആയിരുന്നു ലിസ്റ്റിങ്ങുകൾ. ഈ വർഷം ഇതുവരെ ഓട്ടവയിൽ 11,025 വീടുകൾ വിറ്റഴിക്കപ്പെട്ടു, 2025-ലെ ആദ്യ ഒമ്പത് മാസങ്ങളെ അപേക്ഷിച്ച് 3.9 ശതമാനം വർധന. കൂടാതെ കഴിഞ്ഞ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം വീടുകളുടെ ശരാശരി വില 2.7% വർധിച്ച് 699,910 ഡോളറിലെത്തിയതായി ഓട്ടവ റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു.