വിനിപെഗ് : ലൈംഗികാതിക്രമക്കേസുകളിലുൾപ്പെട്ട മുൻ ഫാഷൻ മോഗൾ പീറ്റർ നൈഗാർഡിനെതിരായ കുറ്റങ്ങൾ സ്റ്റേ ചെയ്ത് വിനിപെഗ് കോടതി. പൊലീസ് വീഴ്ച കാരണം ലൈംഗികാതിക്രമം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾ സ്റ്റേ ചെയ്യണമെന്ന് നൈഗാർഡിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. 1993-ൽ മാനിറ്റോബയുടെ തലസ്ഥാനമായ വിനിപെഗിലെ ഒരു വെയർഹൗസിൽ വെച്ച് പീറ്റർ നൈഗാർഡ് ലൈംഗികമായി പീഡിപ്പിച്ചതായി ഒരു സ്ത്രീ ആരോപണം ഉന്നയിച്ചതോടെ 2023-ൽ പൊലീസ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു. സ്ത്രീയുടെ മൊഴി ഉൾപ്പെട്ട റിപ്പോർട്ടുകൾ നശിപ്പിക്കപ്പെട്ടതായി നൈഗാർഡിന്‍റെ അഭിഭാഷകൻ ഗെറി വീബെ കോടതിയിൽ വാദിച്ചതോടെയാണ് സ്റ്റേ ഓർഡർ.

അതേസമയം കെബെക്കിൽ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കേസിൽ 84 വയസ്സുള്ള നൈഗാർഡ് ഇപ്പോഴും വിചാരണ നേരിടുന്നു. കൂടാതെ ടൊറൻ്റോയിൽ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കഴിഞ്ഞ വർഷം അദ്ദേഹത്തെ 11 വർഷം തടവിന് ശിക്ഷിച്ചിരുന്നു.